മരുഭൂമിയിലെ കാവൽക്കാരൻ
വിജയൻ ,കേരളത്തിൽ നിന്നും വലിയ സ്വപ്നങ്ങളും മോഹങ്ങളുമായി ദുബായിലേക്ക് വിമാനം കയറിയ ഒരുപാട് കേരളീയരിലൊരാളാണ്. നാട്ടിൽ കാര്യമായ ഒരു പണിയുമില്ലാതെ വെറുതെ നടന്നിരുന്ന കാലം. ജീവിതം മുന്നോട്ടു പോകാൻ ഒരു ജോലി ആവശ്യമായ സാഹചര്യത്തിൽ ദുബായിലെ ഒരു സുഹൃത്തിനോട് ജോലി ശരിയാക്കി തരുമോ എന്നു ചോദിച്ചപ്പോൾ അവൻ ശരിയാക്കിയ ജോലിയാണിത്. അവിടുത്തെ ഒരു അറബിയുടെ വിശ്രമകേന്ദ്രത്തിൻ്റെ കാവൽക്കാരനായിട്ടാണ് ജോലി ലഭിച്ചത്. ഉള്ളതെല്ലാം വിറ്റ് പെറുക്കി ഭാര്യയുടെയും മകളുടെയും കാതിൽ കിടന്നതെല്ലാം വിറ്റാണ് വിമാന ടിക്കറ്റും വിസയുമെല്ലാമെടുത്ത് ഇങ്ങോട്ട് കയറിയത്.
ഇന്നിതാ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു കാവൽക്കാരനായി ജോലി കിട്ടിയിട്ട്. നല്ല നിറത്തിലുള്ള ഷർട്ടും പാൻ്റ്സും ഇട്ട് കാറുകളിൽ കുടുംബത്തോടൊപ്പം കറങ്ങുന്ന മറ്റ് ഗൾഫുകാരെ കാണുമ്പോൾ അവൻ തൻ്റെ നീല നിറമുള്ള യൂണിഫോമിലേക്കു നോക്കും. സ്മാർട്ട് ഫോണുകളുടെ കാലത്തിലും തൻ്റെ പഴയ മനോഹരമല്ലാത്ത സ്വിച്ച് ഫോണിൽ നോക്കുമ്പോൾ ഒരു സന്തോഷവും ആശ്വാസവുമാണ്. ചുരുങ്ങിയ ശമ്പളമായതിനാൽ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാൻ പറ്റില്ല. അതിനാൽ തന്നെ ആഴ്ചയിലൊരിക്കൽ മാത്രമേ വിളിക്കാറുള്ളൂ. ഭാര്യയുടെയും മകളിൻ്റെയും ശബ്ദം കേൾക്കുമ്പോൾ ഒരു സമാധാനവും സന്തോഷവും തോന്നും.
വേനൽക്കാലമാണ് വരുന്നത് വിശ്രമകേന്ദ്രത്തിലേക്ക് അറബിയും കുടുംബവും വരാനുള്ള സമയമായിരിക്കുന്നു. അപ്പോഴേക്കും വിശ്രമകേന്ദ്രം വളരെ ഭംഗിയുളള ഒരു സ്ഥലമാക്കി മാറ്റെണ്ടിരിക്കുന്നു. അവിടെ ഒരു മനോഹര പൂന്തോട്ടം നിർമ്മിക്കാൻ അറബി അവിടുത്തെ സൂപ്പർവൈസറിനോട് പറഞ്ഞു.അയാൾ അത് വിജയനെയെൽപ്പിച്ചു. വിജയൻ പതിയെ ഓരോന്നായി ഒരുക്കാൻ തുടങ്ങി. എത്രയും വേഗം ഏൽപ്പിച്ച ജോലികൾ ചെയ്തില്ലെങ്കിൽ ആ സൂപ്പർവൈസർ വായിൽ തോന്നുന്നതൊക്കെ വിജയനെ വിളിക്കും. അത് വേനൽക്കാലമായതിനാൽ ഈന്തപ്പനകളിൽ കായ്കൾ വരാൻ തുടങ്ങി. ഈന്തപ്പനയുടെ കായ്കൾ വല കൊണ്ട് പൊതിഞ്ഞു വെയ്ക്കാൻ സൂപ്പർവൈസർ വിജയനോട് കൽപ്പിച്ചു. ഈന്തപഴങ്ങൾ പൊഴിഞ്ഞു പോകാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. എല്ലാ സമയത്തും ഈന്തപ്പനയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അയാൾ പറയുമായിരുന്നു. ഇതും വിജയൻ്റെ കാവൽ ജോലിയുടെ ഭാഗമായിരുന്നു. ഈന്തപ്പഴങ്ങൾ കാണുമ്പോഴെല്ലാം അയാൾക്ക് തൻ്റെ പ്രിയപ്പെട്ട മകളിൻ്റെ ഓർമ്മകൾ വരും. മോളു വിളിക്കുമ്പോഴെല്ലാം അച്ഛൻ വരുമ്പോൾ ഈന്തപ്പഴങ്ങൾ കൊണ്ടുവരണമെന്ന് പറയും. കടയിൽ നിന്നു വാങ്ങിയാൽ വില കൂടുതലാണ്. ഈ കുറഞ്ഞ ശമ്പളത്തിൽ അധികം വാങ്ങാൻ പറ്റത്തില്ല. കുറച്ചു മാത്രം വാങ്ങിയാൽ ആർക്കും കൊടുക്കാൻ പറ്റത്തില്ല. എല്ലാവർക്കും കൊടുക്കാനുള്ളതാണ്. അവിടുത്തെ ആ ഈന്തപ്പഴങ്ങൾ വിളവെടുക്കുന്ന സമയത്ത് അതിൽ നിന്നും കുറച്ചു ചോദിക്കണം എന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ചോദിക്കാൻ അയാൾക്കു പേടിയായിരുന്നു. കഴിഞ്ഞ വർഷം വിളവെടുപ്പു സമയത്ത് പായ്ക്ക് ചെയ്തത് ഉടമസ്ഥൻ്റെ വലിയ ട്രക്കുകളിൽ കയറ്റി അയക്കുന്ന സമയത്ത് കുറച്ചു ഈന്തപ്പഴങ്ങൾ ചോദിച്ചപ്പോൾ സൂപ്പർവൈസർ ഒന്നു രുചിനോക്കാൻ പോലും തന്നില്ല. എന്നാലും അയാൾക്കു ഒരു പ്രത്യാശ തോന്നി ഉടമസ്ഥൻ അറബി വരുമ്പോൾ ചോദിച്ചാൽ കിട്ടുമെന്ന് വിചാരിച്ചു.
ഒരു നാൾ പതിവില്ലാതെ ആ അറബി വിജയനെ തൻ്റെ ഓഫീസ്സിലേക്കു വിളിച്ചു വരുത്തി. എന്താണ് കാരണമെന്ന് അയാൾക്കറിയില്ലായിരുന്നു. അറബിയുടെ കുഞ്ഞു മകൾ അടുത്ത മാസം വരുമെന്നും അപ്പോഴേക്കും കുറച്ചു മനോഹരമായ റോസാച്ചെടികൾ പൂന്തോട്ടത്തിൽ നടണമെന്നും പറഞ്ഞു. അവൾക്കു റോസാപുഷ്പങ്ങൾ വളരെ ഇഷ്ടമാണ്. വിജയൻ അതുപോലെ ചെയ്യാമെന്നു പറഞ്ഞു. അതു കൂടാതെ അറബിയോട് നേരിട്ട് സംസാരിക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് തനിക്ക് നാട്ടിൽ പോകാൻ അവധി നല്കണമെന്നും കൂടാതെ കൊണ്ടുപോകാൻ കുറച്ചു ഈന്തപ്പഴങ്ങളും തരണമെന്നും, തനിക്കറിയാവുന്ന രീതിയിൽ ഇംഗ്ലീഷിലും അറബിയിലുമായി അഭ്യർത്ഥിച്ചു. എന്നാൽ വെറുതെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറയാൻ കൂട്ടാക്കിയില്ല. അതിനു ശേഷം അയാൾ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി നടന്നു.
പിറ്റേന്ന് തന്നെ അയാൾ റോസാച്ചെടികൾ വാങ്ങി പൂന്തോട്ടത്തിൽ കൊണ്ടുപോയി നട്ടു. ഒരു മാസം കഴിഞ്ഞപ്പോൾ അറബിയും കുടുംബവും അങ്ങോട്ടേക്ക് വന്നു. ആ സമയം ഒരു കൊച്ചു കുട്ടി വാഹനത്തിൻ്റെ വാതിൽ തുറന്നിറങ്ങി. അത് ആ അറബിയുടെ കുട്ടിയായിരുന്നു. ആ പൂന്തോട്ടത്തിലെ റോസാപൂക്കൾ കണ്ടു അവൾ വളരെ സന്തോഷവധിയായി തീർന്നു. അവൾ തുള്ളി ചാടാൻ തുടങ്ങി. അതു കണ്ടപ്പോൾ വിജയൻ സന്തോഷവാനായി. അയാൾ തൻ്റെ മോളെ ഒന്നോർത്തു. അവയുടെ ആ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തൻ്റെ മകൾ ചിരിക്കുന്നതായി അയാൾക്കു തോന്നി. ആ കുട്ടി പെട്ടെന്ന് ഓടിച്ചെന്ന് ഒരു റോസാ പൂവ് പറയ്ക്കാൻ തുടങ്ങി. ആ സമയം റോസാച്ചെടിയിലെ മുള്ളുകൾ കൊണ്ട് അവളുടെ ആ മനോഹരമായ കൊച്ചു കൈ മുറിഞ്ഞു ചോര വരാൻ തുടങ്ങി. അവൾ മെല്ലെ കരയാൻ തുടങ്ങി. വിജയൻ ഓടിയെത്തി അവളെയും എടുത്തു കൊണ്ട് ടാപ്പിൻ്റെ അടുത്തേക്ക് ഓടി. ടാപ്പ് തുറന്ന് കൈകൾ മെല്ലേ കഴുകി. അയാൾ ഓടിച്ചെന്ന് തൻ്റെ സെക്യൂരിറ്റി റൂമിൽ നിന്നും ഫസ്റ്റ് എയിഡ്ബോക്സെടുത്തു കൊണ്ടുവന്നു ആ കുട്ടിയുടെ മുറിവുകളിൽ മരുന്ന് വച്ചു. അവളുടെ കരച്ചിൽ മാറി. ഇതെല്ലം കണ്ടു അറബിയും ഭാര്യയും ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. എങ്കിലും അവരുടേ കണ്ണുകൾ സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു. വിജയൻ കുറച്ചു റോസാപുഷ്പങ്ങൾ പറിച്ചു നല്ലരീതിയിൽ കെട്ടി ആ കുഞ്ഞു മിടുക്കിക്ക് കൊടുത്തു. അവൾക്കു ഒരുപാട് സന്തോഷമായി. അവൾ അയാൾക്ക് അറബിയിൽ നന്ദി പറഞ്ഞു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. നാട്ടിലേക്ക് പോകാൻ വിജയന് ലീവ് ലഭിച്ചു. അയാൾ നാട്ടിലേക്കു പോകാൻ തയ്യാറായി. അടുത്ത ദിവസം പോകണം. ഇന്ന് ഈന്തപ്പഴങ്ങളുടെ വിളവെടുപ്പാണ്. ഞാനും കൂടി വിളവെടുക്കാൻ. കുറച്ച് ജോലിക്കാരും വന്നിരുന്നു വിളവെടുക്കാൻ. എല്ലാവരും ചേർന്ന് ഈന്തപ്പഴങ്ങൾ പറിച്ചു പായ്ക്ക് ചെയ്യാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് ഈന്തപ്പഴങ്ങൾ മുഴുവൻ ട്രക്കിൽ കയറ്റി വിട്ടു. വിജയൻ മനസ്സിൽ ഒരു വിങ്ങലോടെ അത് നോക്കിയങ്ങു നിന്നു. തനിക്ക് വീട്ടിൽ കൊണ്ടുപോകാൻ ഈന്തപ്പഴങ്ങൾ ഒന്നും കിട്ടിയല്ലല്ലോ. ഇനി കടയിൽ നിന്നും കുറച്ചു കാശിനു വാങ്ങാമെന്നു വിചാരിച്ചു. ഈന്തപ്പഴങ്ങൾ എല്ലാം കയറ്റി വിട്ടു ജോലി കഴിഞ്ഞു എല്ലാവരും പോകാൻ തയ്യാറായി. അപ്പോൾ സൂപ്പർവൈസർ വന്നു പറഞ്ഞു: "അറബി ഓഫിസിലേക്കു ചെല്ലാൻ പറഞ്ഞു. നീ അദ്ദേഹത്തെ പോയി കാണണം എത്രയും പെട്ടെന്ന് തന്നെ". ചെറിയ ഒരു സംശയത്തോടെയാണ് അയാൾ അങ്ങോട്ട് പോയത്. ഇനി ചിലപ്പോൾ ലീവ് റദ്ദാക്കി കാണുമോ. അറിയത്തില്ല, എന്തായാലും ഒന്നു ചെന്ന് കാണാൻ തന്നെ തീരുമാനിച്ചു. വിജയൻ ഓഫിസിലെത്തി. അറബി അയാളോട് ഇരിക്കാൻ പറഞ്ഞു. അവന് പേടിയായതിനാലും മടിയായതിനാലും ഇരിക്കാൻ തോന്നിയില്ല. അയാൾ വേണ്ടായെന്ന് പറഞ്ഞു. അറബി എഴുന്നേറ്റ് അയാളുടെ അരികലേക്ക് വന്നു. എന്നിട്ടു ആ മേശപ്പുറത്തു നിന്നും ഒരു ചെറിയ പാക്കറ്റ് എടുത്ത് വിജയന് സമ്മാനിച്ചു. അത് തുറന്നു.അതു തുറന്നപ്പോൾ അയാൾ കണ്ടത് ഒരു ജോഡി സ്വർണ കമ്മലുകളാണ്. അതു കണ്ടപ്പോൾ അയാൾക്ക് അതിയായ സന്തോഷം തോന്നി കൂടാതെ അതിശയവും തോന്നി. അങ്ങനെ ആകെ സ്തംഭിച്ചപ്പോലെയായി മാറി. അത് കണ്ട അറബി വിജയനോട് പറഞ്ഞു :" ഇത് വിജയൻ്റെ പുന്നാരയായ കുഞ്ഞു മോൾക്കുള്ളതാണ്. അവൾക്കിതു താങ്കൾ കൊടുക്കണം. ഇത് എൻ്റെ ഒരു സമ്മാനമാണെന്നും പറയണം". ഇതു കേട്ടപ്പോൾ വിജയന് സന്തോഷ കണ്ണുനീർ വന്നു. എങ്കിലും അയാൾ ഇത് പുറത്തു കാണിച്ചില്ല. അയാൾ തനിക്കീ ചെയ്തു തന്ന ഉപകാരങ്ങൾക്കും സന്മാനത്തിനും നന്ദി പറഞ്ഞു. അതിനു ശേഷം അറബി തൻ്റെ ഓഫിസിൻ്റെ അലമാരയിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എടുത്തു വിജയനു കൊടുത്തു. അതു എടുത്തു നോക്കിയപ്പോൾ അതിനു വലിയ ഭാരം തോന്നി. എന്താണെന്നറിയാൻ അയാൾക്കു വലിയ ആഗ്രഹം തോന്നി. അവൻ അതു തുറന്നു നോക്കി. അയാൾ അതു കണ്ട് ഞെട്ടിപ്പോയി. തനിക്ക് കുറച്ച് ഈന്തപ്പഴങ്ങൾ തരാമോയെന്ന് അന്ന് ചോദിച്ചത് ഇപ്പോൾ ഇതാ അദ്ദേഹം തന്നിരിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനങ്ങണ് അദ്ദേഹം തന്നിരിക്കുന്നത്. ആ ഈന്തപ്പഴങ്ങൾ നല്ല വില പിടിപ്പുള്ള പഴങ്ങളാണ്. സാധാരണ അറബിമാർക്ക് മാത്രമാണ് ഇത്തരത്തിൽ വില പിടിപ്പുള്ള ഈന്തപ്പഴങ്ങൾ ലഭിക്കാറുള്ളത്.അതുംകൂടെ കണ്ടപ്പോൾ വിജയൻ്റെ അവസ്ഥ ആർക്കും വിവരിക്കാൻ പറ്റാത്ത അത്രയും സ്മരണീയവും മനോഹരവുമായിരുന്നു. അയാൾ ഒരിക്കൽ കൂടി അറബിക്കു നന്ദി പറഞ്ഞ് പുറത്തേക്ക് നടന്നു.
വിജയൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നയാളാണെന്നും അയാൾക്ക് ഒരു കുഞ്ഞു പുത്രിയുണ്ടെന്നും സൂപ്പർവൈസറിൽ നിന്നും മനസ്സിലാക്കിയ അറബിയാണ് അദ്ദേഹത്തിനു നാട്ടിൽ പോകാനുള്ള സൗകര്യങ്ങൾ ഒക്കെ ഏർപ്പാടാക്കിയത്. കൂടാതെ അയാൾ അറബിയോട് ഈന്തപ്പഴം ചോദിക്കുകയും ചെയ്തിരുന്നു. അന്ന് അറബിയുടെ മകൾ വന്നപ്പോൾ വിജയൻ കാണിച്ച സ്നേഹവും പരിചരണവും അറബിക്ക് അയാളിൽ മതിപ്പുണ്ടാക്കി തീർത്തു. ആ ദിവസത്തിലെ അയാളുടെ സ്നേഹ പ്രകടനവും ആത്മാർത്ഥതയും ആണ് ഇങ്ങനെ ചെയ്യാൻ അറബിയെ പ്രേരിപ്പിച്ചത്. അയാൾ തൻ്റെ മുറിയിലേക്കു പോകുന്ന സമയത്തെല്ലാം ഓർത്തിരുന്നത് താൻ നാട്ടിൽ എത്തുന്നതും തൻ്റെ മകൾ ഓടി വന്നു കെട്ടി പിടിക്കുന്നതുമാണ്. ആ നിമിഷങ്ങളോർത്ത് അയാൾ സന്തോഷവാനായി മുറിയിലെത്തി.
Written by : S. J. P


0 Comments
Add a comment