ബുദ്ധിമാനായ കുഞ്ഞാട്

ഒരിക്കൽ കുറെ ആട്ടിൻപറ്റം ഒരു കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. ആ സമയം കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ അങ്ങ് എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല. അവരെല്ലാം എവിടെയാണെന്ന് കുഞ്ഞാട് നോക്കി പക്ഷെ അവരെയാരെയും കാണാൻ പറ്റിയില്ല. പുല്ലുകൾ തിന്ന് മുമ്പോട്ട് നടന്നു നീങ്ങി. 

അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ടായിരുന്നു; ഒരു കുറുക്കൻ അവന്റെ പിന്നാലെ നടക്കുന്ന കാര്യം. ആ കാര്യം അവൻ അറിഞ്ഞിരുന്നില്ല. ആ കുറുക്കൻ അവൻ അറിയാതെ പമ്മി പമ്മി അവൻ്റെ പുറകെ നടക്കാൻ തുടങ്ങി. ആ കുഞ്ഞാട് ഇതൊന്നും അറിയാതെ നടക്കുന്നുണ്ടായിരുന്നു. തൻ്റെ കൂട്ടത്തിലുള്ള മറ്റ് ആടുകളെ അവൻ അന്വേഷിക്കാൻ തുടങ്ങി.

   "എവിടെ ആയിരിക്കും ആ ആടുകൾ പോയിരിക്കുക" അവൻ സ്വയം ചോദിച്ചു. മറ്റ് ആടുകളെ അവൻ വിളിക്കാൻ ആരംഭിച്ചു. ഇതു കണ്ട കുറുക്കന് അവൻ തനിച്ചാണ് നില്ക്കുന്നതെന്ന് മനസ്സിലായി.
 
                         ആ കുഞ്ഞാട് തനിച്ചാണെന്ന് ഉറപ്പുവരുത്തിയ ശേഷം കുറുക്കൻ അവനു മേൽ ചാടി വീണു. 

  "ആട്ടിറച്ചി കഴിച്ചിട്ട് കുറെ നാളായി ,ഇപ്പോൾ എനിക്ക് സന്തോഷമായി " കുറുക്കൻ നാവു നുണഞ്ഞുകൊണ്ട് പറഞ്ഞു.

ഇതു കണ്ട് പാവം കുഞ്ഞാട് പേടിച്ചു പോയി. രക്ഷപെടാൻ ഒരു മാർഗത്തിനായി ആ കുഞ്ഞാട് തലപുകഞ്ഞാലോചിക്കാൻ ആരംഭിച്ചു. അവൻ ഒരു മാർഗം കണ്ടെത്തി. അവൻ എങ്ങനെയൊക്കെയോ സ്വയം ധൈര്യം സംഭരിച്ച് കുറുക്കനോട് സംസാരിക്കാൻ തുടങ്ങി.

''എന്നെ അങ്ങ് തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കൂടി  കാത്തിരിക്കണം."

"അതെന്താ? അങ്ങനെ പറഞ്ഞത് " കുറുക്കൻ അന്തം വിട്ടു ചോദിച്ചു. 

"എന്നേ അങ്ങ് ഭക്ഷിക്കുന്നതിനോട് എനിക്ക് പ്രത്യേകിച്ച് തടസ്സമോ, പരിഭവമോ ഇല്ലാ. പക്ഷെ, ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ല് തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും."  ആട്ടിൻകുട്ടി കുറുക്കനോട് പറഞ്ഞു .

''അതു ശരിയാണല്ലോ! " കുറുക്കനു സ്വയം തോന്നി.

''ഞാൻ കഴിച്ച ഈ പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അതു അങ്ങേക്ക്  അറിയില്ലേ?

                   കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ കുറുക്കന് കൊതി സഹിക്കാനായില്ല.

"ഹും ! ശരി. നിൻ്റെ വയറ്റിലെ പുല്ല് ദഹിക്കാൻ എത്ര സമയം വേണം? " കുറുക്കൻ കുഞ്ഞാടിനോട് ചോദിച്ചു.

കുഞ്ഞാട് ആ കുറുക്കനോട്  പറഞ്ഞു. "എത്ര സമയം എടുക്കുമെന്ന് എനിക്കറില്ല. എന്നാൽ നൃത്തം ചെയ്താൽ വേഗം ഭക്ഷണം ദഹിക്കും. അതെനിക്കറിയാം. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി അങ്ങ് കണ്ടോ. ഇതു ഒന്നു കിലുക്കിത്താ. എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ പറ്റൂ ."  

എന്നിട്ടു വീണ്ടും കുറുക്കനോട് പറഞ്ഞു. "എൻ്റെ കഴുത്തിലെ ഈ മണി  അഴിച്ചെടുത്ത് കിലുക്കൂ". 

കുറുക്കൻ കുഞ്ഞാടിൻ്റെ കഴുത്തിലെ മണി അഴിച്ചെടുത്തു. അപ്പോൾ കുറുക്കന് വളരെ സന്തോഷമായി. എന്നിട്ട് കുറുക്കൻ ആ കുഞ്ഞാടിൻ്റെ മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.

          "ണിം.....ണിം....ണ്ണീo .....ണ്ണീo....."

അപ്പോൾ കുഞ്ഞാട് ആ മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് മെല്ലെ മെല്ലെ നൃത്തം ചെയ്യാനും തുടങ്ങി. ആ സമയം കുഞ്ഞാട് നൃത്തം ചെയ്യുന്നത് കണ്ട് കുറുക്കൻ മണി കൂടുതൽ വേഗത്തിൽ കിലുക്കാൻ ആരംഭിച്ചു.

ആ മണി കിലുക്കത്തിൻറെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. ആ ആട്ടിടയൻ വേഗത്തിൽ ഓടി അങ്ങോട്ടേക്ക് വന്നു. അയാൾ വന്നു നോക്കുമ്പോൾ കാണുന്നത് അതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു കുറുക്കൻ നിന്ന് മണി കിലുക്കുന്നു.

അയാൾ കൈയിലുള്ള വടിയെടുത്ത് ഓടി വന്ന് ആ കുറുക്കന്റെ മുതുകത്ത് നോക്കി 'പടെന്ന് ..!' ഒരു അടി അങ്ങ് വച്ചുകൊടുത്തു.

              "ഹമ്മോ..." എന്ന് പറഞ്ഞ് കുറുക്കൻ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം. ആട്ടിൻ കുട്ടിക്ക് സന്തോഷമായി.


കഥയുടെ ഗുണപാഠം ::::  ഏതു അപകടസമയത്തും പേടിക്കാതെ വേണ്ടതുപോലെ ബുദ്ധി ഉപയോഗിച്ചാൽ രക്ഷപെടാം.....