Written by:  S.J.P

ഇരുട്ടിനെ പ്രണയിക്കുന്നവർ

ഇളം നിലാവിന്റെ വെളിച്ചത്തിൽ കണ്ട, ബസിന്റെ മുൻവശത്തെ സ്ഥലപ്പേര് ഒന്നുകൂടി വായിച്ചുറപ്പിച്ചു ആമി ബസിനുള്ളിലേക്ക് കയറി. പത്തോളം പേർ പല പല സീറ്റുകളിലായി അവിടെയിവിടെയങ്ങ് ഇരുപ്പുണ്ട്.
ബസിന്റെ നടുഭാഗത്തായി രണ്ടു പേർക്കു മാത്രമായ് ഇരിക്കാവുന്ന ഒരു സീറ്റിൽ അവൾ സ്ഥാനം പിടിച്ചു. ബസ് പുറപ്പെടാനുള്ള സമയം ആയിട്ടില്ല, ഇനിയും പത്തു പതിനഞ്ചു മിനിട്ടോളം കൂടിയുണ്ട്. അവൾ തന്റെ വാച്ചിലേക്കു നോക്കി സ്വയം മന്ത്രിച്ചു. 

തന്റെ ബാഗ് തുറന്നു ഒരു മിഠായി എടുത്തു അവൾ തന്റെ വായിലേക്കിട്ടു. പരിഭ്രമാമോ, വിഭ്രാന്തിയോ, പേടിയോ, ദുഃഖമോ ഒന്നും തോന്നുന്നില്ല. ആദ്യമായി ചെയ്യുന്നവർക്കല്ലേ ഈ പറഞ്ഞതെല്ലാം തോന്നുന്നത്. എത്ര നാളായി ഇതു ചെയ്യുന്നു? രണ്ടര വർഷം! നീണ്ട ആയിരം ദിനരാത്രങ്ങൾ! ഇതു വരെ പിടിക്കപ്പെട്ടിട്ടില്ല. എങ്ങനെ പിടിക്കാനാണ്, തെളിവുകൾ ഒന്നും അവശേഷിച്ചിട്ടില്ല. മോഷണം!, അതൊരു വല്ലാത്ത ഹരം തന്നെയാണ്. തലയ്ക്കു പിടിക്കുന്ന ഒരു ഹരം. എത്ര ചെയ്താലും മതി വരാത്ത ഒന്ന്!. 

അവൾ തന്റെ കൈയിലെ വാച്ചിലെ സമയം നോക്കി. ഇനിയും എട്ടു മിനിറ്റോളം കൂടിയുണ്ട് യാത്ര തുടങ്ങാൻ. തന്റെ ലക്ഷ്യം, അത് അവളെ മായാലോകത്തിലേക്ക് കൊണ്ടുപോയി. ആ ലക്ഷ്യത്തിലേക്ക്, മോഷണം നടത്താനായി തീരുമാനിചുറപ്പിച്ചിരിക്കുന്ന വീട്ടിലേക്കെത്താൻ അവളുടെ ആ ലക്ഷ്യ മനസ്സ് വെമ്പൽ കൊണ്ടു.

ആരോ ബസിലേക്കു കയറി വരുന്നത് കണ്ട് അവൾ വാതിലിലേക്ക്  നോക്കി. കടും ചുവപ്പ് നിറമുള്ള ചുരിദാർ ധരിച്ച ഒരു പെൺകുട്ടി, എല്ലാ സീറ്റുകളിലേക്കും കണ്ണോടിച്ച് മുൻനിരയിലെ ആരും ഇല്ലാത്ത ഒരു സീറ്റിലിരുന്നു. എന്തൊരു തിളക്കമാണ് അവളുടെ സ്വർണ്ണമാലയ് ക്കും, വജ്ര മൂക്കുത്തിക്കും! അവൾ ചിന്തിച്ചു. അവൾ വീണ്ടും തന്റെ ലോകത്തിലേക്ക് മടങ്ങി വന്നു. 

രണ്ടുമൂന്നാഴ്ച വളരെ കഷ്ടപ്പെട്ട്  വ്യക്തമായ ഒരു രൂപവും, കാഴ്ചപ്പാടും തയ്യാറാക്കി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പരാജയപ്പെടില്ലെന്നും, പിടിക്കപ്പെടില്ലെന്നും നൂറു ശതമാനം ഉറപ്പുള്ള പദ്ധതി!. ആ നിശബ്ദതയെ, ഇരുട്ടിനെ പ്രകാശം ഭേദിക്കുന്നതുപോലെ, ഭേദിച്ചുകൊണ്ട് മൊബൈൽ ഫോണിൽ മനോഹരമായ ഒരു പ്രണയഗാനം കേൾക്കയായ്. ആ സുന്ദരി പെൺകുട്ടി, ചൈതന്യ ഫോണെടുത്ത് ചെവിയോടടുപ്പിച്ചു പറഞ്ഞു: " ഞാൻ ഒരുമണിക്കൂറിനുള്ളിലെത്തും. ബസ് പുറപ്പെടുന്നതെയുള്ളൂ, പേടിക്കാനൊന്നുമില്ല.

അവൾ നാണത്തോടെ കുണുങ്ങിചിരിച്ചുകൊണ്ട് ഫോൺ വച്ചു. അപ്പോൾ അവളുടെ ആ വജ്രമൂക്കുത്തി കൂടുതൽ തിളങ്ങി.

"അവനറിയാവുന്നതല്ലേ, കുറെ ദൂരം ഉണ്ടെന്നു, കൂടാതെ പേടിയും. എപ്പോഴും എത്താറായില്ലേ എന്നു വിളിച്ചോണ്ടിരിക്കുന്നു. ഒറ്റയ്ക്ക് വരുന്നതുകൊണ്ടായിരിക്കും അവൻ വിളിച്ചുകൊണ്ടിരിക്കുന്നത്. നല്ല സ്നേഹമാണ് അവനെന്നോട്, അതുകൊനായിരിക്കും".
അവൾ തന്റെ മനസ്സിൽ ഉരുവിട്ടു.

അവൾ തന്റെ ബാഗ് തുറന്നു എല്ലാം എടുത്തോ എന്നു നോക്കി. ട്രെയിൻ ടിക്കറ്റും, ആവശ്യമായ പണവും കൈയിലുണ്ട്. വീട്ടിൽ ആരോടും പറയാതെയാണ്‌ വന്നത്. അവരറിയുമ്പോൾ എന്തായിരിക്കും അവസ്ഥ!. നന്നായി ഒന്നിച്ചു ജീവിക്കാനല്ലേ പോകുന്നത്. അവൾ ഒന്നു ആലോചിച്ചു. എന്നിട്ട് എല്ലാം ഉണ്ട് എന്നുറപ്പാക്കി ബാഗ് അടച്ചു. അവൾ തന്റെ ഹെഡ്സെറ്റെടുത്തു ചെവിലേക്ക് മെല്ലെ തിരുകി. തന്റെ പ്രണയഗാനത്തെ ഒന്നു തൊട്ട് അതിൽ ലയിച്ചിരുന്നു.

ഒരു പാവത്താൻ ചെറുക്കൻ. തനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നവൻ. ഇന്റർവ്യൂ ഉണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ് അവൻ, ഒന്നിച്ചു ജീവിക്കാനായി. അവൾ തന്റെ സംഗീത ലയത്തിൽ അലിഞ്ഞു ചിന്തിച്ചു. വരാൻ പോകുന്ന നിമിഷത്തെകുറിച്ചോർത്ത പ്പോൾ അവൾ അതീവ സന്തോഷവതിയായി. അവൾ തന്റെ സംഗീതത്തിൽ നിന്നും ഒന്നു ശ്രദ്ധ മാറ്റി അക്ഷമയായി തന്റെ വാച്ചിലേക്കു ഒന്നു കണ്ണോടിച്ചു നോക്കി. ഇതാ ബസ് പുറപ്പെടാൻ തുടങ്ങുകയാണ്. അവൾ വീണ്ടും തന്റെ സംഗീതത്തിൽ ലയിച്ചു.

പിന്നിൽ നിന്നും ഷൂവിന്റെ കനത്ത ശബ്ദം കേട്ടാണ് ആമി മുഖമുയർത്തി നോക്കിയത്. സ്ത്രീയെന്നോ പുരുഷനെന്നോ പ്രഥമദൃഷ്ടിയാ മനസിലാക്കാൻ കഴിയാതെ അവൾ ഒന്നും കൂടി സൂക്ഷിച്ചു നോക്കി. സ്ത്രീ തന്നെ. ബസ് പുറപ്പെടാൻ സമയം ആയി എന്നു വിചാരിച്ചു ഓടി കയറിയതാണവൾ. അവൾ ബസിലെ പിന്നിലെ സീറ്റിലോന്നിലിരുന്നു. തോളിൽ നിന്നും വലിയ ഒരു ബാഗ് ഊരി, ഒരു കുപ്പി വെള്ളം എടുത്ത് ആവേശത്തോടെയും, ആക്രാന്ത യോടെയും കുടിച്ചു തീർത്തു.

ബാഗിൽ നിന്നും, ആ വലിയ ബാഗിൽ നിന്നും ബണ്ണിന്റെ പൊതിയെടുത്ത് പൊട്ടിച്ച് കഴിക്കാൻ തുടങ്ങി. വിദ്യക്ക് വല്ലാത്തൊരു ആത്മവിശ്വാസവും, ധൈര്യവും തോന്നി. തന്റെ ജീവിതത്തിലെ പത്താമത്തെ, ഇരട്ട നമ്പറിലേക്കുള്ള കൊലപാതകം! ഇതും ആസ്വദിച്ചു തന്നെ ചെയ്യണം. പത്തും പത്തു തരത്തിലുള്ളത്, വ്യത്യസ്തമായതു. ആർക്കും യാതൊരു സംശയത്തിനും ഇടം കൊടുക്കാതെയുള്ള വിദഗ്ധമായ ആസൂത്രണം. ഇന്നത്തെ കൃത്യവും യാതൊരു മടിയും കാണിക്കാതെ ഏൽപ്പിച്ചിരിക്കുന്നത്  തന്റെ കഴിവിലുള്ള, തന്നിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ്. പണമാണ് പ്രധാനം! കൂടാതെ ആസ്വാദനവും. ലക്ഷങ്ങളോടും, കോടികളോടും മാത്രമാണ് പ്രണയം. അതാണ് തനിക്കും നല്ലത്. ഒന്നു ചെയ്താൽ ലക്ഷങ്ങൾ കിട്ടും. അതുമതി സുഖമായി ജീവിക്കാൻ, ചെറിയ തുകകൾ കിട്ടിയിട്ട് എന്തു ചെയ്യാനാണ്? എന്തിനു തികയും അത്? ഒരു സാധാരണക്കാരന്  ഒരു ദിവസം കഴിയണമെങ്കിൽ നാലക്ക പണം ആവശ്യമാണ്. അപ്പൊ പിന്നെ തന്റെ കാര്യമോ?. എന്താ തീപിടിച്ച വില? എല്ലാത്തിനും തീപ്പിടിച്ച വില, ഒരു കുപ്പി വെള്ളത്തിനു പോലും തീപിടിച്ച വിലയാണ്. സാധാരണക്കാരനെ പിഴിയുന്ന വർഗ്ഗങ്ങൾ, അതിനു കൂട്ടായി ഗവൺമെന്റുകളും!.


ബസിനു മുകളിൽ തൂക്കിയിട്ടിരിക്കുന്ന, പച്ചയും, ചുവപ്പും, നീലയും നിറങ്ങളിലുള്ള ബലൂണുകൾ കാറ്റിലാടികൊണ്ടിരിക്കുന്നു. കാണാൻ എത്ര മനോഹരമാണ്. ആമി കുറച്ചു നേരം ബലൂണുകളെ തന്നെ നോക്കി. തന്റെ ആദ്യ മോഷണം ബലൂണുകൾക്ക് വേണ്ടിയായിരുന്നുവെന്ന് അവൾ ഓർമ്മിച്ചു. കടയിൽ മനോഹരമായി തൂക്കിയിട്ടിരിക്കുന്ന വർണ്ണ ബലൂണിനായി കരഞ്ഞപ്പോൾ അച്ഛന്റെ അടിയാണ് കിട്ടിയത്. കരഞ്ഞു കൊണ്ട് വീട്ടിലേക്കു ഓടി വന്നപ്പോൾ ഞാൻ വാങ്ങിത്തരാമെന്നു അമ്മയും പറഞ്ഞില്ല. രാത്രിയിലേറെ വൈകി മദ്യപിച്ചു നാലുകാലിൽ വന്ന അച്ഛനെ കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യവും, പകയും തോന്നി. ഉറങ്ങികിടക്കുന്ന അച്ഛന്റെ കീശയിൽ നിന്നും നൂറിന്റെ നോട്ടുകൾ മോഷ്ടിച്ച്, ഈ കുറുക്കുവഴി ആദ്യം കാണിച്ചുതന്നത് സ്വന്തം അമ്മതന്നെയാണ്. പിറ്റേദിവസം നല്ല ഭംഗിയുള്ള ഒരു പുതിയ പട്ടുസാരി അമ്മ അലമാരയിൽ മടക്കിവയ്ക്കുന്നത് കണ്ടപ്പോൾ ആ ആറു വയസ്സുകാരിക്ക് കാര്യം മനസിലായി. അന്നത്തെ രാത്രി അച്ഛന്റെ ഉടുപ്പിന്റെ പോക്കറ്റിൽ കൈകടത്തിയപ്പോൾ കിട്ടിയ അഞ്ചു രൂപാ നാണയം, അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ സമ്പാദ്യം. പിന്നെ എത്രയോ മോഷണങ്ങൾ! ചെറുതിൽ നിന്ന് വലുതിലേക്ക്. അതൊരു പുഴ തന്നിലെ വെള്ളം കടലിലേക്കു ഒഴുക്കുന്നതു പോലെയായിരുന്നു. യാതൊരു കുറ്റബോധവും തന്നെ വേട്ടയാടിയിട്ടില്ല. ഈ മോഷണങ്ങളൊന്നും ജീവിക്കാൻ വേണ്ടിയല്ല. അതിനു മാന്യമായൊരു ജോലിയുണ്ട്. പക്ഷെ അതിൽ നിന്നും കിട്ടുന്നത് തികയാറില്ല. കൂടാതെ ഇത് എന്റെ ആത്മസംതൃപ്തിയ്ക്ക് വേണ്ടി, ആർഭാട ജീവിതത്തിനു വേണ്ടി, അനാഥമക്കളെ സംരക്ഷിക്കാൻ വേണ്ടിയൊക്കെയാണ്.


ബസ് ഡ്രൈവർ കയറി, പിന്നാലെ കണ്ടക്ടറും. കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആരംഭിച്ചു. പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. മഴ പെയ്യുന്നത് നല്ലതാണ്.

"മഴ പെയ്യുന്നത് നല്ലതാണ് .കനത്ത മഴയ്ക്കിടയിലാരും ഒന്നും അറിയില്ല. എല്ലാം നന്നിട്ടു തന്നെ നടക്കും. ആരെയും പേടിക്കണ്ടതില്ല ". ആമിക്ക് വളരെ സന്തോഷമായി.

മഴയിലേക്ക്, കിളിക്കുഞ്ഞു തന്റെ അമ്മയെ കാത്തിരുന്നപോലെ, കണ്ണും നട്ടിരുന്ന ചൈതന്യയുടെ വജ്ര മൂക്കുത്തി വെട്ടിതിളങ്ങാൻ തിടങ്ങി.

"സ്നേഹദായകനുമായി ഒന്നിച്ചു ഒളിച്ചോടാൻ മഴ നല്ലതാണ്. ആരും തങ്ങളെ ശ്രദ്ധിക്കില്ല. യാതൊരു കുഴപ്പവും കൂടാതെ എത്തേണ്ട സ്ഥലത്തു എത്തിച്ചേരാൻ പറ്റും. യാതൊരു പ്രശ്നവും കൂടാതെ ഒന്നിച്ചു ജീവിക്കാൻ കഴിയും". ചൈതന്യ സ്വയം മന്ത്രിച്ചു.

"മഴയിൽ നിലവിളികൾ അലിഞ്ഞുപോകും. എല്ലാം പെട്ടെന്ന് തീരും. ആരും യാതൊന്നും അറിയില്ല. എല്ലാം വേഗത്തിൽ തീർത്തു തിരിച്ചു വരാൻ പറ്റും". വിദ്യ ഗൂഢമായി ചിരിച്ചു.

ബസ് പുറപ്പെട്ടു കഴിഞ്ഞു. അത് മുന്നോട്ടുപോവുകയാണ്. പോയികൊണ്ടേയിരിക്കുന്നു. എന്തിനെയോ തേടിനടക്കുന്ന ജീവിയെ പോലെ. ഇടയ്ക്കിടയ്ക്ക് നിർത്തുമ്പോഴെല്ലാം യാത്രക്കാർ  അവിടെയിവിടെയായി കയറുന്നുണ്ട്. ഒഴിഞ്ഞ സീറ്റുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിനെ, ഈ കുരിരുട്ടിനെ, ഈ കൊച്ചു രാത്രിയെ പ്രണയിക്കുന്നവരാൽ ബസ് നിറയുകയാണ് .ഓരോരോ ലക്ഷ്യവുമായി ഓരോ ഇടത്തേക്ക് പോകുന്നവർ. ആമിയും , ചൈതന്യയും , വിദ്യയും അവരിൽ ചിലർ മാത്രം. നാളത്തെ പ്രഭാതം പൊട്ടിവിടരുന്നത്, ഇരുട്ടിന്റെ, രാത്രിയുടെ  ഓരോരോ സമ്മാനം സ്വീകരിക്കാനായാവും.

ആമി തന്റെ  ബാഗിൽ നിന്നും ഒരു മിഠായി എടുത്തു  വായിലേക്കിട്ടു. താര അടുത്ത ഗണത്തിലേക്ക് വിരൽ നീട്ടി. വിദ്യ വേറൊരു കുപ്പിവെള്ളം പൊട്ടിച്ച് വായിലേക്ക് വീണ്ടും, പരവേഷത്തോടെ കമിഴ്ത്തി.

ബസ് യാത്രക്കാരെയും വഹിച്ച് മുന്നോട്ട് കുതിച്ചു. കുതിര തന്റെ യജമാനൻ കൊണ്ടു പോകുന്നതുപോലെ.

രാത്രികളിവിടെ അവസാനിക്കുന്നില്ല. ഒരു രാത്രിയും അവസാനിക്കാറില്ല. കൂരിരുട്ടിന്റെ വഴികൾ തേടി ഒരോരോ വ്യക്തികൾ വരും, ഓരോ ലക്ഷ്യവുമായി. ആ ലക്ഷ്യങ്ങൾ ചിലപ്പോൾ സഫലമാകാം, ചിലപ്പോൾ സഫലമാക്കാറില്ല. രാത്രികളെ, ഇരുട്ടിനെ പ്രണയിക്കുന്നവരെ തേടി ബസ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രാത്രിയുടെ, ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് ബസ് വലിയ ശബ്ദത്തിലൂടെ നിശാപ്രേമികളെ തന്നിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ. നാളെയാരൊക്കെയുണ്ടാവുമെന്ന് ആർക്കറിയാം! നാളെയെ കുറിച്ചറിയാൻ നാം ഈശ്വരന്മാരല്ലാല്ലോ! നാളെകൾ തീരുന്നില്ല അതു തുടർന്നുകൊണ്ടേയിരിക്കുന്നു....




Note: It is only my creative story.